Saturday, 21 September 2013
അവള്‍

ആണോര്‍മയുടെ ഉയിരിനെ പെണ്ണ് എന്നും വിളിക്കാം. കണ്ണുകള്‍ കൂമ്പിയടഞ്ഞ് നിന്നു നിമഗ്നനമായി നിന്നത് ആ ഓര്‍മയുടെ നീലവെളിച്ചത്തിലാണ്. സിരയാകെ അതിന്റെ വേലിയേറ്റം. രക്തത്തില്‍ ഒഴുക്ക്.
അവള്‍ എന്ന സാന്നിധ്യത്തെ എപ്പോഴും കൊണ്ടുനടക്കുന്നു അകം. ഏതു കലാപത്തിന്റെ ചുഴിയിലും എനിക്കു കെട്ടിപ്പിടിക്കാന്‍ പാകത്തില്‍ അവള്‍ ഉണ്ടായിരിക്കണം.
ജീവിതത്തെ ഒരു പെണ്ണ് ആവേശിച്ചു വന്ന് പാതിയാക്കി ഭാഗിക്കുന്നതിനു മുമ്പും അവള്‍ ഉണ്ടായിരുന്നു. അവള്‍ ഓര്‍മകളെ ഊട്ടി. ജീവിതത്തെ ഊതിക്കത്തിച്ചു.
പെണ്ണിടങ്ങള്‍ക്ക് വേലികെട്ടിയിട്ടില്ല അകമേ. പതിയെ പ്രവേശിക്കുകയും നിറയുകയും ശേഷം കുടിയൊഴിപ്പിക്കാന്‍ കഴിയാതെ പോകുകയുമാണ് ഹൃദയങ്ങളിലെ പെണ്‍കുട്ടികള്‍. കണ്ണില്‍ നിന്ന് ഹൃദയത്തിലേക്കു ഛായാഗ്രഹണം നടത്തുന്നതിനേയും പ്രണയമെന്നാണ് വിളിക്കേണ്ടത്. നീ എടുക്കാന്‍ മറന്ന് പോയ പട്ടുതൂവാലയാണ് ഹൃദയം എന്നത് കൗമാരത്തിലെ ഏറ്റവും പ്രണയപൂര്‍വ്വമായ ഡയറിക്കുറിപ്പ്.
Thursday, 28 July 2011
കാട്ടിലേക്കുള്ള വഴി



കാട്ടില്‍ നിന്ന് അതിന്റെ പച്ചയെടുത്ത് തെളിച്ച് പുതിയ നിറങ്ങള്‍ നല്‍കിയപ്പോള്‍ നമ്മുടെ ലോകമുണ്ടായി. അങ്ങനെ കാടു നിറയെ പച്ചയും നാടു നിറയെ നിറക്കൂട്ടിന്റെ നിറമില്ലായ്‌മയും പെരുത്തുവന്നു. നാടിന് കാടെന്ന വിപരീതപദം കേട്ട കുഞ്ഞു നാളിലേ ഉണ്ടായിരുന്നു നിഗൂഢതയുടെ ഒരു കാട് അകം നിറയെ. അവധിക്കാലങ്ങളിലെ വിരുന്നു പോക്കിന് കാട്ടില്‍ കൊണ്ടുപോകാന്‍ തക്ക ഭ്രാന്തില്ലാത്ത ആരും ഇല്ലാതിരുന്നത് കൊണ്ട് അതിനും തരപ്പെട്ടില്ല. അന്നുമുതല്‍ കാടൊരു കടലായി ഉള്ളില്‍ കലമ്പാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. അപ്പക്കാടുകളിലും പറങ്കിമാവിന്‍ചോട്ടിലും അലഞ്ഞ കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയില്‍ നിന്ന് മുതിര്‍ന്നു പോയതിന്റെ അപരാധത്തിലേക്ക് പറിച്ചുനട്ടതിനു ശേഷമാണ് യാത്രകളെക്കുറിച്ചുള്ള കാടൊരുക്കങ്ങള്‍ കൂടുകൂട്ടിത്തുടങ്ങിയത്. മനുഷ്യവാസത്തിന്റെ പാപങ്ങള്‍ ചുമലേല്‍ക്കാത്തതു കൊണ്ട് കാട്ടിലേക്കുള്ള വഴി വിചാരിക്കും പോലെ എളുപ്പമല്ല.
പറമ്പിക്കുളത്തെ മുളയുടെ ചിത്രങ്ങള്‍ കൊണ്ടു ചുമരിട്ട വേഴാമ്പല്‍ വീട്ടില്‍ രാവേറെച്ചെന്നിട്ടും ഉറക്കം വരാതെ കിടന്നു. ഇരുട്ട് മരണത്തിന്റെ ആവരണമായി ചുറ്റും കിടന്ന് കടിച്ചു പറിക്കുകയാണെന്ന് തോന്നി. ചെറിയ മഴയുടെ പെരുക്കത്തോടൊപ്പം നേരിയ തണുപ്പ്. നാട് ഉഷ്‌ണിച്ചു വിങ്ങുകയായിരിക്കുമല്ലോ എന്ന് ഓര്‍ത്തു.
തമിഴന്റെ അതിര്‍ത്തി കടന്നു ചെന്നിട്ടും നാം പാലക്കാടിന്റെതെന്നു കരുതുന്ന കരിമ്പനകള്‍ കണ്ടു എമ്പാടും. പച്ചച്ചു നില്‍ക്കുന്ന പൊള്ളാച്ചിയിലൂടെ രണ്ടുമണിക്കൂര്‍ യാത്ര. ചെറിയ റോഡിനിരുവശവും തൊട്ടുരുമ്മി നിന്ന മരങ്ങളുടെ ക്യൂവില്‍ നിന്നും മേലെ ആകാശം തൊട്ടുനില്‍ക്കുന്ന കാട്ടുമരങ്ങളിലേക്കുള്ള മാറ്റം ചെറിയ ഇരുട്ടോടൊപ്പം കൂട്ടുവന്നു. ഇപ്പോള്‍ കാട്ടില്‍ റോഡ് കുറ്റബോധത്തോടെ, ഒരു പാമ്പിനെപ്പോലെ ചുരുണ്ടു കിടക്കുന്നു. പരിശോധനകള്‍ക്കു ശേഷം കാട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഏതോ ഒരു ചേതനയില്‍ നാടു നുരഞ്ഞു, സ്വല്‍പ്പനേരം. റോഡു നിറയെ കാട്ടില്‍ തീ കൂട്ടരുതെന്നും മൃഗങ്ങളെ ഉപദ്രവിക്കരുതെന്നും ഹോണ്‍ മുഴക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍. മനുഷ്യത്വം ഉള്ളില്‍ നിന്നു കുറച്ചു നേരത്തേക്കെങ്കിലും പറിച്ചു കളയണമെന്ന് ആവശ്യപ്പെടുന്നവ. കാടില്ലാതായാല്‍ മനുഷ്യനില്ലാതാകുമെന്ന മനുഷ്യന്റെ തന്നെ കണ്ടെത്തലിന്റെ അടയാളങ്ങള്‍. ബസിറങ്ങി വേഴാമ്പലിന്റെ വരാന്തയില്‍ നിന്ന് കാടു കണ്ടു കണ്ടു മിഴിച്ചുനില്‍ക്കുന്നതിനിടെ കാട്ടുമര്യാദകള്‍ പഠിപ്പിക്കാന്‍ മരങ്ങളുടെ മാതൃകയില്‍ മനുഷ്യന്‍ നിര്‍മിച്ച ഒരു കൂടാരത്തിലേക്ക് കൊണ്ടു പോയി. അവിടെയും കണ്ടു മനുഷ്യന്റെ കുസൃതികള്‍. കൂടാരത്തോട് ചാഞ്ഞുനിര്‍ത്തി ഉണ്ടാക്കിയ മരത്തില്‍ വെള്ളയും കറുപ്പും ചാലിച്ച് മഞ്ഞച്ച കൊക്കുകളോടെ ഒരു കൃത്രിമ മലമുഴക്കി വേഴാമ്പല്‍.
മുള കൊണ്ടു പാകിയ മേല്‍ക്കൂരക്കുളളിലെ തണുപ്പിലിരുന്ന് പറമ്പിക്കുളത്തെ അടുത്തറിഞ്ഞു. കാട്ടിലേക്കു യാത്രയാകും മുമ്പുള്ള നിര്‍ദേശങ്ങളും കല്‍പ്പനകളും. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തെക്കുറിച്ചുള്ള ഏകദേശ രൂപം മനസില്‍ ഉറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ഇന്നത്തെ രാത്രി. 643.66 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പശ്ചിമ ഘട്ടത്തിലെ കൊടുംകാട്ടില്‍. പശ്ചിമ ഘട്ടത്തിലെ തെക്കുഭാഗത്ത് ആനമല, നെല്ലിയാമ്പതി എന്നീ മലനിരകള്‍ക്ക് നടുവില്‍. തെക്കുപടിഞ്ഞാറ്-വടക്കുകിഴക്ക് മണ്‍സൂണ്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട പ്രദേശത്ത് 1400 മുതല്‍ 2300 വരെ മഴ ലഭിക്കുന്നു.
ഇടക്ക് കറന്റു പോയി തിരിച്ചുവന്നു. പുറത്ത് മഴ പൊടിയുന്നുണ്ടെന്ന് തോന്നുന്നു. കാട്ടില്‍ പാലിക്കാനുള്ള മര്യാദകളെക്കുറിച്ച് ഫോറസ്‌റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് നാളെ കാടുകയറേണ്ടത്. ഉള്ളില്‍ കിടന്നു പൊരിഞ്ഞ വിശപ്പിന്റെ കാടിന് കഞ്ഞിയും പുഴുക്കും കൊടുത്ത് അടക്കിനിര്‍ത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ നിന്ന് അടക്കിപ്പിടിച്ച ചിരി പൊട്ടിച്ചാടി വരുന്നു. ബാലകൃഷ്‌ണന്‍ സാര്‍ ഉറക്കം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. കാടനക്കങ്ങള്‍ക്കു കാതുകൊടുത്തു, ഓര്‍മകളില്‍ മേഞ്ഞു കിടക്കവേ കണ്ണുകള്‍ ഉറക്കത്തിലേക്കു ചാഞ്ഞു.
നേരം പുലര്‍ന്നിട്ടും മൂടിപ്പുതച്ചുറങ്ങുന്നവരെ, ഉറക്കമില്ലാത്ത ജന്തുവിനെ പോലെ നബീല്‍ വലിച്ചെഴുന്നേല്‍പ്പിച്ചു. രാവിലെ ആറിന് ചൂടു ചായയും ബിസ്‌ക്കറ്റും കഴിച്ച് വേഴാമ്പലിനു പുറത്തെ മുളങ്കൂട്ടില്‍ ഒത്തുകൂടി. മരം കൊണ്ടുണ്ടാക്കിയ ചെടിച്ചട്ടിയില്‍ പുറത്ത് വിവിധയിനം ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. മറ്റു ജീവികളുടെ യജമാനരാണ് മനുഷ്യരെന്നുള്ള മഹാത്മാഗാന്ധിയുടെ വാചകം എഴുതിയ ബോര്‍ഡില്‍ കണ്ണുടക്കി.
വാര്‍ഡന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ പക്ഷിനിരീക്ഷണം. ലോക പ്രശസ്‌ത പക്ഷിനിരീക്ഷകന്‍ സാലിം അലി നിരീക്ഷണത്തിങ്ങിയ വഴിയാണെന്ന അറിവ് ത്രില്ലടിപ്പിച്ചു. ബൈനോക്കുലറുമായി റഫീക്കും ജുനൈസും സുബിനും റെഡി. അധികമെത്തിയില്ല, ദേ നില്‍ക്കുന്നു ഒരു വേഴാമ്പല്‍. മരക്കൊമ്പില്‍ ഇത്രയധികം പേര്‍ കണ്ടിട്ടും കൂസാതെ അതങ്ങനെയിരിക്കുകയാണ്. കാമറകള്‍ കണ്ണുതുറന്നടച്ചു. കേരളത്തിന്റെ ദേശീയ പക്ഷിയായ ഇതിനെ ജീവനോടെ ആദ്യമായി കാണുകയാണ്. വേഴാമ്പലില്‍ കൂട്ടങ്ങളെ കാണാനിരിക്കുന്നതേയുള്ളൂവെന്ന് ഗൈഡ് ഷണ്‍മുഖം വിശദീകരിച്ചു തന്നു. ആദിവാസിയായ ഷണ്‍മുഖത്തിന്റെ കാടറിവുകള്‍ വിസ്‌മയപ്പെടുത്താനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കൈരേഖ പോലെ കാട്ടുപാതകള്‍ അവന് മനഃപാഠം.
ചീങ്കണ്ണികള്‍ ധാരാളമുള്ള കാട്ടരുവിയുടെ ഓരത്തുകൂടെയായിരുന്നു പക്ഷികളെ തേടിയുള്ള നടത്തം. പക്ഷികളാല്‍ സമ്പന്നമാണ് ഇവിടം. 268 തരം പക്ഷിവര്‍ഗങ്ങള്‍. അതില്‍ തന്നെ 134 എണ്ണം ലോകത്ത് അപൂര്‍വമായി മാത്രം കാണുന്നവ. അരുവികളിലേക്ക് ചാഞ്ഞുകിടക്കുന്ന ഇലത്തലപ്പുകളില്‍ മുഴുമിക്കാനാത്ത പ്രാര്‍ഥന പോലെ പാതിരാത്രിയിലെ മഞ്ഞുകണങ്ങള്‍. നിഴലുകള്‍ ചാലിച്ചു ചേര്‍ത്ത് കാടിന്റെ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന വെള്ളം. മുകളില്‍ മഞ്ഞിന്റെ വെളുത്ത പുതപ്പ്. അരുവിക്കോരം ചേര്‍ന്നു നിറയെ മുളങ്കാടുകള്‍. കിരുത്ത ശബ്ദങ്ങളിലെവിടെയോ ഒരായിരം പുല്ലാങ്കുഴല്‍ ഒളിച്ചിരിക്കുന്നുണ്ടാവണം. മുള്ളുകള്‍ വകഞ്ഞു മാറ്റി കാട്ടിനകത്തെ വലിയ മേച്ചില്‍സ്ഥലത്തെത്തി. പച്ചയുടെ വിരിപ്പു വിരിച്ച പോലെ വിശാലമായ സ്ഥലം. കടുവകള്‍ ഒന്നിച്ച് നീരാടാന്‍ വരുന്ന സ്ഥലമാണെന്നു ഷണ്മുഖം പറഞ്ഞെടുത്തില്ല, ഞങ്ങള്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്ത് കാലടിപ്പാടുകള്‍. ഷണ്മുഖം കണ്ടപാടെ പറഞ്ഞു. കടുവയുടേതാണ്. ഉണങ്ങിയിട്ടില്ല, അരമണിക്കൂര്‍ മുമ്പെങ്ങാനോ ആണ് വെള്ളം കുടിക്കാന്‍ വന്നിട്ടുണ്ടാകുക. നല്ലൊരു നീന്തല്‍ക്കാരനായതു കൊണ്ട് ചിലപ്പോള്‍ അക്കരെ കടന്നിട്ടുണ്ടാകാം. അടുത്തെവിടെയോ ഉണ്ട്. ഉള്ളില്‍ ഒരു ആളലുയര്‍ന്നു.
മരങ്ങള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ ഒളിച്ച് കളിച്ച് വെളളത്തില്‍ വീണുടഞ്ഞു. കാട്ടിനു നടുവില്‍ ഒത്തുകിട്ടിയ ഇടത്ത് സംഘാംങ്ങളുടെ ഫോട്ടോ സെഷന്‍. പശ്ചാത്തലത്തിലെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച് കാമറകള്‍ കണ്ണിറുക്കി. വീണു കിടന്ന ഒരു വന്‍ മരത്തിലിരുന്ന് മാഷും കുട്ടികളും ഗ്രൂപ്പ് ഫോട്ടോക്ക് പോസാ ചെയ്‌തു. കാടോര്‍മയിലേക്ക് ഒരു വൈഡ് സ്‌നാപ്പ്.
കാട്ടിലെത്താനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കടും ചുവപ്പ് കുപ്പായങ്ങള്‍ ഊരിവെച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ട്രക്കിംഗ്. ഷണ്‍മുഖം കാടറിവുമായി മുന്നില്‍ നടന്നു. രാത്രി കടുവകളുടെ വിഹാര കേന്ദ്രങ്ങളായ ഒറ്റയടിപ്പാതകളിലൂടെ ഒച്ചയനക്കാതെ നടക്കണമെന്ന് ഷണ്മുഖത്തിന്റെ നിര്‍ദേശം. നാലു ഭാഗവും കണ്ണുണ്ടായിരിക്കണം. ഏതു സമയവും ഒരു ആനയോ കടുവയോ മുന്നിലേക്ക് ചാടി വഴിമുടക്കാം. ഒച്ചയുണ്ടാക്കിയാല്‍ മൃഗങ്ങളെ കാണാനൊക്കില്ല. വലിയ കരിങ്കല്‍പ്പാറകളിലൂടെ വരിയായി നടന്നു പോകുമ്പോള്‍ കാടു പേടിപ്പിച്ചില്ല. ഉണങ്ങിയ കാടുകളാണിതെന്ന് ഗൈഡ് പറഞ്ഞു തന്നു. ഇവിടമാണ് മൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങള്‍ എന്നു കൂടി അവന്‍ പറഞ്ഞപ്പോള്‍ ഉള്ളില്‍ മെല്ലെ പേടിയരിച്ചു. ഉണങ്ങിക്കൂടിയ കമ്പുകളില്‍ ഒരു തീപ്പൊരി മതി കാടു കത്താന്‍. ഏറെയെത്തിയില്ല. കിതച്ചു. ഇരിക്കാന്‍ സൗകര്യം കണ്ട മരച്ചോട്ടില്‍ വെളളം കുടിച്ച് അല്‍പ്പനേരം വിശ്രമം. ട്രക്കിംഗ് കഴിയുന്നിടത്ത് ജീപ്പു പറഞ്ഞയക്കാമെന്ന വാഗ്‌ദാനം ഒരാവേശത്തിന്റെ പുറത്ത് നിരസിച്ചതില്‍ ചിലര്‍ക്ക് അരിശം.
ഗുഹാമുഖത്തെത്തിയ പോലെ ഇപ്പോള്‍ കാടിന്റെ പുതിയ ലോകത്തേക്കു നടന്നു. ഉടലില്‍ തണുപ്പു തണിര്‍ത്തു. നിഗൂഢതയുടെ ഇരുള്‍ക്കനത്തില്‍ ചീവീടുകള്‍ നിര്‍ത്താതെ കരഞ്ഞു. കാട് പച്ചയുടെ വലിയ അരഞ്ഞാണം കെട്ടി പേടിപ്പെടുത്തുകയാണെന്നു തോന്നി. മരങ്ങളുടെ ഉടല്‍ നിറയെ നനവ് കെട്ടിപ്പിടിച്ചു കിടക്കുന്നു. പൊഴിഞ്ഞ ഇലകള്‍ക്കിടയില്‍ നിന്ന് മണ്ണ് കാലിലേക്ക് തണുപ്പിന്റെ സുഷിരങ്ങളുണ്ടാക്കുന്നു. പച്ചയുടെ ഈ മരക്കാടുകളാണ് ഇടതൂര്‍ന്ന കാടുകള്‍ എന്നറിയപ്പെടുന്നത്. കണ്ടു കൊതി തീര്‍ക്കണമെന്ന് ആഗ്രഹിച്ചതും ഈ കാടാണ്. പക്ഷേ, പച്ചപ്പാവമാണ് ഈ കാടുകള്‍ എന്ന് ഷണ്മുഖം പറഞ്ഞു തന്നു. ഇവിടെ മൃഗങ്ങള്‍ താമസിക്കാറില്ല. പാമ്പുകളാണ് സാധാരണ ഇവിടെ കാണാറുള്ളത്. മൂര്‍ഖന്‍ മുതല്‍ രാജവെമ്പാല വരെ. മേലാസകലം ഒരു തരിപ്പ് ചേരാട്ട പോലെ അരിച്ചുപൊന്തി സാധാരണ നില കൈവരിച്ചു. പെണ്‍കുട്ടികള്‍ ദൈവമേ എന്നു മെല്ലെ നിലവിളിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുളള കൈകാലുകളുമായി മരങ്ങള്‍ ആകാശം നോക്കിനല്‍ക്കുന്നു. മേലെ ഇച്ചിയണിഞ്ഞ പോലെ പച്ചയുടെ മേലാപ്പ് ആകാശത്തെ മറച്ചു. വൃദ്ധിക്ഷയം സംഭവിച്ച് ഓര്‍മത്തെറ്റുകള്‍ പോലെ കാട്ടു പാതയില്‍ കിതച്ചുവീണ മുത്തശ്ശിമരങ്ങളില്‍ ഓര്‍മക്കായെടുത്തു ഒരുപാട് സ്‌നാപ്പുകള്‍. ക്യാമറയിലെ ഫ്‌ളാഷുകള്‍ ഇല്ലാതെയാണ് കാട്ടിനുള്ളില്‍ പടമെടുക്കേണ്ടത്. ഫ്‌ളാഷിന്റെ വെളിച്ചം കണ്ടാല്‍ ആനകള്‍ക്ക് കലിവരുമത്രെ.
കാട്ടുപച്ച കണ്ട് അന്തിച്ചു നില്‍ക്കുമ്പോഴാണ് പലരുടെ കാലിലും അട്ടയൊട്ടിയത്. വേദനയില്ലാതെ ചോര മോന്തുന്ന ഭീകര ജീവിയാണ് അട്ടയെന്ന വിശ്വാസം ഇപ്പോഴും ആര്യക്കുണ്ട്. കാലിലെ ചോരപ്പാടു കണ്ട് ജീവന്‍ പോകുന്നതു പോലെയായിരുന്നു അവളുടെ കരച്ചില്‍. കാടു കയറുമ്പോള്‍ കൂടെ വരുന്ന പാവം ജീവിയായിരുന്നു അട്ട. നനവുള്ള ദേശങ്ങളിലെ കൂട്ടുകാരന്‍. കടിച്ച അട്ടയെ വേര്‍പെടുത്താനാകാതെ പലരും സഹായത്തിനായി കൂട്ടുകാരെ തെരഞ്ഞു പോയി. കാടു കടന്ന് അരുവികളിലെ പാറയില്‍ വിശ്രമിക്കാനിരുന്നതില്‍ ആദ്യത്തെ പണി അട്ട കയറിയോ എന്നു നോക്കലായിരുന്നു. മുണ്ടുടുത്ത് ട്രക്കിംഗിനു വന്ന മാര്‍ട്ടിനു അട്ട പരിധി ലംഘിച്ച് അകത്ത് കയറിയോ എന്ന ആധി. അട്ട ഭാഷയിലെ വേര്‍പെടുത്താനാകാത്ത ഉപമയായതെങ്ങനെ എന്നു പിടികിട്ടി എല്ലാവര്‍ക്കും. ഇനിയും കയറിപ്പോയാല്‍ കൊടുംകാടാണെന്ന് കണ്ടാല്‍ തന്നെ അറിയാം. ഫോറസ്‌റ്റ് ഗാര്‍ഡുമാര്‍ അവിടെയിരുന്ന് സൊറപറയുന്നു. ഇവിടുത്തെ ആദിവാസികള്‍ തന്നെയാണ് ഗാര്‍ഡുകള്‍. അവര്‍ക്ക് നാടു തന്നെയാണ് കാട്.
കഞ്ഞിയും പുഴുക്കും തിന്ന്, കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന പറമ്പിക്കുളം റിസര്‍വോയറില്‍ നാളെ മുളച്ചങ്ങാടത്തില്‍ ബോട്ടിംഗിന് പോവുന്നത് സ്വപ്‌നം കണ്ട് ഉറങ്ങാന്‍ കിടന്നു.
കേരളത്തിലാണ ഈ വെള്ള സംഭരണി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്ത് തമിഴ്‌നാടാണ് ഇതു നിര്‍മിച്ചത്. ഇപ്പോഴും കാണാം തമിഴ്‌നാട് കേരളത്തിന്റെ അനുമതിയില്ലാതെ നിര്‍മിച്ച റോഡുകള്‍ ഇവിടെ. 270 ഓളം മീറ്റര്‍ ആഴമുള്ള കിലോമീറ്ററുകളോളം വരുന്ന സംഭരണിയിലെ വെള്ള ഉപയോഗത്തിന്റെ അവകാശം തമിഴ്‌നാടിനാണ്. പൊള്ളാച്ചിയില്‍ നിങ്ങള്‍ കണ്ട പച്ചപ്പ് പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തില്‍ നിന്നാണെന്നു ചങ്ങാടം തുഴയവെ തുഴച്ചിലുകാരന്‍ പറഞ്ഞു. മുതലകള്‍ യഥേഷ്ടമുണ്ട്. എന്നാല്‍ ആരെയും ഉപദ്രവിച്ച ചരിത്രമില്ലെന്നു പറഞ്ഞപ്പോഴാണ് സമാധാനമായത്. ക്യാമറയുമായി ചങ്ങാടത്തിന്റെ തുഞ്ചത്തിരിക്കുകയായിരുന്നു. ഒന്നു കാല്‍ തെന്നിയാല്‍ മുതലക്കു ഭക്ഷണം. എന്നാല്‍ മനുഷ്യരേക്കാള്‍ വലിയ മീനുകള്‍ ഇവയിലുണ്ടെന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു.
രണ്ടു ചങ്ങാടത്തിലായി മുപ്പതു പേര്‍ക്ക് സുഖയാത്ര. ആണൊരുത്തന്‍ വേണമെന്ന നിര്‍ബന്ധത്തില്‍ ആദ്യചങ്ങാടത്തില്‍ കയറി, തുഴയാനാണ്. വെള്ളം കുപ്പിവള കണക്കെ ചിരിച്ചു ചങ്ങാടത്തില്‍ തൊട്ടുവിളിച്ചു. ഒരു ഭാഗത്ത് തമിഴ്‌നാടിനു അതിരിടുന്ന മലനിരകള്‍. മറുഭാഗം കാട്. മലനിരക്കപ്പുറവും കാടാണ്. കാട്ടിനുള്ളിലെ ജലപ്പരപ്പില്‍ അനിശ്ചിതത്വത്തിന്റെ ചങ്ങാടത്തില്‍... അറിയാതെ ദൈവത്തെ വിളിച്ചു.
ചങ്ങാടത്തിലെ ജലയാത്ര കഴിഞ്ഞപ്പോഴേക്കും അന്തിയായി. രാത്രിയില്‍കാടറിവിന്റെ പുതിയ മേച്ചില്‍പ്പുറത്തേക്ക് കൊണ്ടു പോയ ക്ലാസ്. പറമ്പക്കുളത്തിന്റെ ഫ്‌ളാഗ്‌ഷിപ്പ് അനിമല്‍ കാട്ടുപോത്താണെന്ന ധാരണക്ക് ആദ്യമേ വന്നു തിരുത്ത്. അത് കാട്ടു പോത്തല്ല. മലയാളത്തില്‍ കാട്ടി എന്നറിയപ്പെടുന്ന ഗോറുകളാണ്. ഇന്ത്യയിലെവിടെയും കാട്ടുപോത്തുകള്‍ ഇല്ലത്രെ. കടുവയുടെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് ഗോറുകള്‍. 1600 ഓളം കിലോഗ്രാം ഭാരമുള്ള ഈ മൃഗങ്ങളെയാണ് 260-280 കിലോഗ്രാം മാത്രം ഭാരമുള്ള കടുവകള്‍ വേട്ടയാടിപ്പിടിക്കുന്നത്.
ഒരു കടുവയുടെ സാമ്രാജ്യത്തിലാണ് നമ്മളിപ്പോള്‍. ഇരയെ തേടി ഏതെങ്കിലും ഒരു മരത്തിനു പിന്നില്‍ അത് ഒളിഞ്ഞിരിക്കുന്നുണ്ടാകും. പത്തു പന്ത്രണ്ട് ദിവസത്തോളം അത് ഇരയെ ഒരേ ഇരിപ്പില്‍ കാത്തിരിക്കുന്നു. പറമ്പിക്കുളത്ത് 50 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവാണ് അതിന്റെ സാമ്രാജ്യം. നീന്തിത്തുടിക്കാനുള്ള വെള്ളം, കുഞ്ഞുങ്ങളെ ഒളിപ്പിക്കാനുള്ള പാറക്കൂട്ടങ്ങള്‍, സമൃദ്ധമായ ആഹാരം തുടങ്ങിയവയാണ് ഒരു കടുവാ സാമ്രാജ്യത്തിന്റെ ആവശ്യങ്ങള്‍. പറമ്പിക്കുളത്ത് ഇത് 50 കിലോമീറ്ററില്‍ സാധ്യമാകുമ്പോല്‍ ബംഗാള്‍ വനങ്ങളില്‍ ഇത് 200 കിലോമീറ്ററോളമാണ്. സാമ്രാജ്യത്തിന്റെ ചുറ്റളവില്‍ മരങ്ങളില്‍ നഖങ്ങള്‍ കൊണ്ട് അതിന്റെ രാജ്യം കൃത്യമായി അടയാളപ്പെടുത്തിയിരിക്കും. കുടുംബ ജീവിതം തീരെ ആഗ്രഹിക്കാത്ത അവ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ പ്രത്യേക ശബ്ദമുണ്ടാക്കി പുറത്തേക്ക് വരുന്നു. അതിര്‍ത്തിയിലെത്തി പെണ്‍ കടുവയെ വരിച്ച് അവ തിരിച്ചു പോകുന്നു. ഒരു കൗതുകത്തിന്റെ പേരില്‍ പോലും ഇണയെ തന്റെ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഇരുവരും തയ്യാറല്ല. ആറുമാസം ഗര്‍ഭകാലം. ഒന്നര വര്‍ഷമാകുമ്പോഴേക്ക് കുട്ടികള്‍ സ്വന്തം ഇടം തേടി യാത്രയാരംഭിച്ചിരിക്കും. 15-16 വര്‍ഷം മാത്രമാണ് ഒരു കടുവയുടെ ആയുസ്സ്. അതിര്‍ത്തിയിലെ മരങ്ങളില്‍ നഖക്ഷതങ്ങള്‍ തെളിയാതെ വരുമ്പോള്‍ അടുത്തയാള്‍ക്ക് അതില്‍ വാഴാനുള്ള കാലമായി. ഇക്കാലയളവില്‍ കേള്‍ക്കാം കടുവയുടെ മുരള്‍ച്ചകള്‍ കാടാകെ. ഇണയെ ആകര്‍ഷിക്കാനുള്ള പ്രത്യേക തരം ശബ്‌ദങ്ങള്‍.
ക്ലാസ് കടുവയില്‍ നിന്ന് ആനയിലേക്ക് കടന്നു. ആന കാടുജീവിതത്തിന്റെ, അതിന്റെ സാമൂഹികതയുടെ ഉദാത്തമായ ഉദാഹരണമാണ്. ഭക്ഷണത്തിനായി ഒരിക്കല്‍ കടിച്ചെടുത്ത മരക്കൊമ്പില്‍ നിന്ന് അതു രണ്ടാമതൊരിക്കല്‍ ഭക്ഷിക്കുന്നില്ല. മറ്റു മൃഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിക്കൊടുക്കുന്ന സാമൂഹിക വ്യവസ്ഥ. ഉയരമില്ലാത്ത കുഞ്ഞുമൃഗങ്ങള്‍ക്കായി അതിന്റെ ഔദാര്യം. ദിവസത്തില്‍ 22-23 മണിക്കൂര്‍ നടക്കുന്ന ആനയുടെ കാലടിയില്‍ ഒരു പുല്‍ക്കൊടി പോലും കിടന്നമരുന്നില്ല.
ജനിച്ചു വളര്‍ന്ന കുടുംബത്തില്‍ തന്നെ പ്രസവിക്കാന്‍ അനുവദിക്കാത്തതു കൊണ്ട് ആണാനകള്‍ ഉശിരു പ്രകടിപ്പിച്ച് മറ്റു ആനക്കൂട്ടങ്ങളില്‍ ചേര്‍ന്ന് പ്രജനനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. അതോടെ അത് ആ സംഘത്തിന്റെ ഭാഗമായി. തന്റെ കഴിവു തെളിയിക്കാന്‍ പരാജയപ്പെടുന്നവനാണ് പിന്നീട് ഒറ്റയാനായി മാറുന്നത്. ഇണയെ വരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ കാണുന്നതെന്തും അക്രമിക്കാനുള്ള ത്വര അവനില്‍ വളര്‍ന്നു വരുന്നു. ഒറ്റയാന്‍ അപകടകാരിയാകുന്നതെന്ത് എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം. ആരോഗ്യമുള്ളവരെ മാത്രം കൂടെക്കൂട്ടിയാല്‍ മാതിയെന്ന ആനക്കൂട്ടങ്ങളുടെ തീരുമാനത്തിന് മാറ്റമുണ്ടാവില്ല. എന്നെങ്കിലുമൊരിക്കല്‍ ഒറ്റയാന്റെ ശ്രമം ജയിച്ച് അവനും ഒരു കൂട്ടത്തില്‍ ചേരും. എന്നെന്നേക്കുമായി ഒരു ഒറ്റയാനില്ല. അവന്റെ പരാക്രമങ്ങള്‍ ആദര്‍ശ ശുദ്ധി കാത്തു സൂക്ഷിക്കുന്ന ജീവിതത്തിന്റെ ഭാഗം മാത്രമാണ്. പ്രസവം നടക്കുമ്പോള്‍ ആണാനയുടെ സാമീപ്യം പിടിയാനകള്‍ ആഗ്രഹിക്കാറില്ല. ലേബര്‍ റൂമിനു പുറത്ത് അക്ഷമയോടെ കാത്തു നില്‍ക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ മുഖം നിറയെ ഉത്‌കണ്‌ഠയുമായി ആണാനകള്‍ ചിലപ്പോള്‍ കാട്ടിലൂടെ അലയുന്നത് കാണാം. ഭാര്യയുടെ പ്രസവമടുത്തിരിക്കുമ്പോള്‍ തന്നെ മുതിര്‍ന്ന പെണ്ണാനകള്‍ ഇവരെ പ്രദേശത്ത് നിന്നു പുറത്താക്കുന്നു.
കാലിലൂടെയാണ് ആനകള്‍ സന്ദേശം കൈമാറുന്നത്. പ്രസവം നടന്നാലും അപകടം വരുന്നുണ്ടെങ്കിലും മിക്ക സന്ദേശങ്ങളും കാലിലൂടെ തന്നെ. നൂറ് കിലോമീറ്റര്‍ അകലെ വരെയുള്ള സന്ദേശങ്ങള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറാം. കാലിനടിയിലെ നനുത്ത മെംബ്രയ്‌നാണ് ഇതിന് ആനയെ സഹായിക്കുന്നത്. നാട്ടിലെ അമ്പലപ്പറമ്പില്‍, നടുറോഡില്‍ ഉച്ചനേരത്ത് കാല്‍പാദത്തിനടിയില്‍ ഒന്നുമില്ലാതെ ആന നില്‍ക്കുമ്പോള്‍ ആനക്കു കലിയിളകാതിരിക്കുന്നതെങ്ങനെ എന്ന് ആലോചിച്ചു.
ആനയും കടുവയും കഴിഞ്ഞ് മറ്റു മൃഗങ്ങളിലേക്ക് കടന്നു. പറമ്പിക്കുളത്ത് മാത്രം 39 തരം സസ്‌തനികള്‍, 16 തരം ഉഭയ ജീവികള്‍, 61 തരം ഉരഗങ്ങള്‍, 47 തരം മത്സ്യങ്ങള്‍, 1049 തരം പ്രാണികള്‍, 124 തരം ചിത്രശലഭങ്ങള്‍... 653 ഇനം ഔഷധച്ചെടികള്‍, 268 ഇനം കുറ്റിച്ചെടികള്‍, 359 ഇനം മരങ്ങള്‍, 152 വള്ളിച്ചെടികള്‍... പറമ്പിക്കുളത്തെ പ്രത്യേകതകള്‍ നീണ്ടു പോകുന്നു. മലസര്‍, മലമലസര്‍, കാടാര്‍, മുതുവ എന്നീ നാലു ആദിവാസി സംഘങ്ങളാണ് ഇവിടെ പ്രധാനമായും അധിവസിക്കുന്നത്. മറ്റു റിസര്‍വുകളിലേതു പോലെ ഇവര്‍ ജീവല്‍പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇവിടുത്തെ ഏതു പദ്ധതിയും നടപ്പാക്കപ്പെടുന്നത്. ഇവരുടെ ജീവിതം പ്രദര്‍ശിപ്പിക്കപ്പെടേണ്ടതല്ല എന്ന തിരിച്ചറിവ് ഉദ്യോഗസ്ഥര്‍ക്കും ഉള്ളതു കൊണ്ട് അവര്‍ ഇവിടെ ശാന്തരാണ്. റിസര്‍വോയറില്‍ നിറയെ അവരുടെ കുട്ടികള്‍ നീന്തിത്തുടിക്കുന്നത് കണ്ടു.
1921 ലാണ് ഇവടെ ആദ്യമായി തേക്കു നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയത്. തേക്കുതടി ധാരാളം കാലം കേടു കൂടാതെ കിടക്കുന്നത് കണ്ടെത്തിയ ബ്രിട്ടീഷുകാര്‍ റെയില്‍വേ സ്ലീപ്പറിനായി വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നട്ടുവളര്‍ത്തുകയായിരുന്നു. തേക്ക് കടത്തിയിരുന്ന ഒരു പുരാതന റെയില്‍പ്പാതയും ഈ കാട്ടിലുണ്ട്. ട്രാംവേ എന്നറിയപ്പെടുന്ന ഈ പാത 1907 ലാണ് നിര്‍മിച്ചത്. റെയില്‍വഴി ചാലക്കുടിയിലെത്തിക്കുകയും അവിടെ നിന്നു റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ച് വിദേശത്തേക്കു തേക്കുതടികള്‍ കയറ്റിയയക്കുകയും ചെയ്‌തു. സ്വാതന്ത്യത്തിന് ശേഷം 1951 ല്‍ ഇതിനു നിരോധനമേര്‍പ്പെടുത്തി. സ്വാഭാവിക വനത്തിന് നാശമുണ്ടാക്കുന്ന തേക്ക് വെച്ചുപിടിപ്പിക്കുന്നത് അവസാനമായി നടന്നത് 1983 ലാണ്.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമേറിയ 34 സ്ഥലങ്ങളിലൊന്നായ വെസ്റ്റേണ്‍ ഘട്ടിലാണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്. 285 സ്‌ക്വയര്‍ കിലോമീറ്റര്‍ മൊത്തം ചുറ്റളവ്. പറമ്പിക്കുളം ആളയാര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കപ്പെട്ട മൂന്ന് വെള്ളസംഭരണികള്‍. ചുറ്റും നിറയെ കാട്. അതില്‍ ഇത്തിരിപ്പോന്ന നമ്മള്‍. കാടൊന്നു കുലുങ്ങിയാല്‍ നടുങ്ങുന്നതാണ് നാടെന്ന തിരിച്ചറിവില്‍ ഇനി നാളെ കാട്ടില്‍ നിന്നു ഇറക്കം. ഇറങ്ങിപ്പോകാന്‍ വയ്യാത്ത ഒരു കാട്ടുപച്ച അപ്പോഴേക്കും അകമാകെ നിറഞ്ഞു തുളുമ്പിയിരുന്നു.
Friday, 12 February 2010
ഔട്ട് ഓഫ് കവറേജ്

ഏറ്റ പോലെ നോക്കാനാകുന്നില്ല ഇപ്പോള്‍ ജീവിതം. ഒറ്റയുടല്‍ തുരുത്തുകളായി ജീവിടത്തിന്റെ വന്‍കരകള്‍ അസ്വസ്ഥമായി. സ്വകാര്യതയുടെ ഏകലോകത്തില്‍ നിന്ന് പുറത്തു കടക്കാനാകാതെ അതിന്റെ ഉച്ചയില്‍ ജീവിതം വിയര്‍ത്തു. ലോകം എന്റേത് മാത്രമായപ്പോഴും ഒരു വിങ്ങല്‍ പുറപ്പെട്ടു പോകാത്ത കരച്ചില്‍ പോലെ കൂടെ നടക്കുന്നു.
ഒരുത്തരവും തരാതെ പോകുന്നു ഏതു വിളികളും. തിരക്കുകള്‍ കൊണ്ട് നിസഹയമാക്കുന്നു ആവശ്യത്തിലേക്ക് തേടിപ്പിടിച്ച നമ്പരുകള്‍. കവറേജ് ഏരിയകള്‍ മാത്രമായി ലോകത്തിന്റെ ഭാഗം. ഒരിക്കലും രക്ഷപ്പെടനാകില്ലല്ലോ എന്നാ ഭയം കുടെ വരുന്നു പലപ്പോഴും. മരിച്ചുപോകുന്നത് പോലെ ഭയപ്പെടുന്നു സ്വിച്ച് ഓഫ് ചെയപ്പെടുന്നത്. നിഴല് പോലെ കുടെ വന്നിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ അവലതികളുടെ കൂട്ടം.
എങ്ങനെയായിരുന്നു പഴയകാലത്ത് ആളുകളുടെ ജീവിതം എന്ന പുതിയ കാലത്തിന്റെ ചോദ്യത്തിന് ഉത്തരം സങ്കല്പിക്കനകാതെ വരുമ്പോഴും എങ്ങനെയാണു നമ്മുടെ ജീവിതമെന്ന ആത്മവിമര്‍ശനത്തിന് ഉത്തരം കിട്ടാതെ കിടക്കുന്നു.
നമ്പരുകളിലേക്ക് ചുരുങ്ങി ജീവിതത്തിന്റെ മേല്‍വിലാസം. കയ്യില്‍ ഉരുപ്പടി വായിക്കാനുള്ള കുന്തം. ഒച്ചയിട്ടു ഒച്ചയിട്ടു തൊണ്ട കേടുവരും വരെ കാണും അതിന്റെ ഹുങ്കാരം. കേടുവന്നല്ലോ, ചാര്‍ജു വന്നല്ലോ, കാശ് കയട്ടിയില്ലല്ലോ എന്നീ ആധികള്‍ പലപ്പോഴായി ഉയര്‍ന്നു വരും.
വാക്കുകള്‍ കൊണ്ട് തനിര്‍ത്തു ചുണ്ടുകല്‍ കൊണ്ടുള്ള ഉമ്മകള്‍. ഉടലുകള്‍ കൊണ്ട് നാമുണ്ടാക്കമെന്നെട്ട ചിത്രപ്പണികള്‍ വാക്കുകളുടെ വിരിപ്പുകല്‍ക്കുമേല്‍ നിര്‍ദ്ദയം ചുളിയാതെ കിടന്നു.
എന്നാലും ഏറെ ദൈവമെ. വിളിപ്പുരതെങ്കിലും വിളിക്കപ്പുരതാണല്ലോ പല നമ്പരുകളും.
ഒരുത്തരവും തരാതെ പോകുന്നു ഏതു വിളികളും. തിരക്കുകള്‍ കൊണ്ട് നിസഹയമാക്കുന്നു ആവശ്യത്തിലേക്ക് തേടിപ്പിടിച്ച നമ്പരുകള്‍. കവറേജ് ഏരിയകള്‍ മാത്രമായി ലോകത്തിന്റെ ഭാഗം. ഒരിക്കലും രക്ഷപ്പെടനാകില്ലല്ലോ എന്നാ ഭയം കുടെ വരുന്നു പലപ്പോഴും. മരിച്ചുപോകുന്നത് പോലെ ഭയപ്പെടുന്നു സ്വിച്ച് ഓഫ് ചെയപ്പെടുന്നത്. നിഴല് പോലെ കുടെ വന്നിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ അവലതികളുടെ കൂട്ടം.
എങ്ങനെയായിരുന്നു പഴയകാലത്ത് ആളുകളുടെ ജീവിതം എന്ന പുതിയ കാലത്തിന്റെ ചോദ്യത്തിന് ഉത്തരം സങ്കല്പിക്കനകാതെ വരുമ്പോഴും എങ്ങനെയാണു നമ്മുടെ ജീവിതമെന്ന ആത്മവിമര്‍ശനത്തിന് ഉത്തരം കിട്ടാതെ കിടക്കുന്നു.
നമ്പരുകളിലേക്ക് ചുരുങ്ങി ജീവിതത്തിന്റെ മേല്‍വിലാസം. കയ്യില്‍ ഉരുപ്പടി വായിക്കാനുള്ള കുന്തം. ഒച്ചയിട്ടു ഒച്ചയിട്ടു തൊണ്ട കേടുവരും വരെ കാണും അതിന്റെ ഹുങ്കാരം. കേടുവന്നല്ലോ, ചാര്‍ജു വന്നല്ലോ, കാശ് കയട്ടിയില്ലല്ലോ എന്നീ ആധികള്‍ പലപ്പോഴായി ഉയര്‍ന്നു വരും.
വാക്കുകള്‍ കൊണ്ട് തനിര്‍ത്തു ചുണ്ടുകല്‍ കൊണ്ടുള്ള ഉമ്മകള്‍. ഉടലുകള്‍ കൊണ്ട് നാമുണ്ടാക്കമെന്നെട്ട ചിത്രപ്പണികള്‍ വാക്കുകളുടെ വിരിപ്പുകല്‍ക്കുമേല്‍ നിര്‍ദ്ദയം ചുളിയാതെ കിടന്നു.
എന്നാലും ഏറെ ദൈവമെ. വിളിപ്പുരതെങ്കിലും വിളിക്കപ്പുരതാണല്ലോ പല നമ്പരുകളും.
Thursday, 11 February 2010
ഉമ്മ
Subscribe to:
Posts (Atom)

